Photo Credit: Apple
ഐഫോൺ 14 പ്ലസ് മോഡലിലെ ചില ഫോണുകളുടെ റിയർ ക്യാമറക്കു തകരാറുള്ളത് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു പ്രത്യേക സമയത്തു നിർമിച്ച ഫോണുകൾക്കാണ് ഈ പ്രശ്നമുള്ളത്. ഇപ്പോൾ ഈ തകരാർ പരിഹരിക്കുന്നതിനു വേണ്ടി ആപ്പിൾ ഒരു സൗജന്യ റിപ്പയർ പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ കയ്യിൽ പ്രസ്തുത പ്രശ്‌നമുള്ള ഐഫോൺ 14 പ്ലസ് ഉണ്ടെങ്കിൽ, ഒരു തുകയും മുടക്കാതെ അംഗീകൃത ആപ്പിൾ സർവീസ് സെൻ്ററിൽ നിന്നും അത് പരിഹരിക്കാവുന്നതാണ്. നിങ്ങളുടെ ഡിവൈസ് ഈ അറ്റകുറ്റപ്പണിക്ക് യോഗ്യമാണോ എന്ന് പരിശോധിക്കാൻ, നിങ്ങളുടെ സീരിയൽ നമ്പർ ആപ്പിളുമായി പങ്കിടേണ്ടതുണ്ട്. ഐഫോൺ 14 പ്ലസിൻ്റെ റിയർ ക്യാമറ ശരിയാക്കാൻ നിങ്ങൾ ഇതിനകം പണം ചെലവഴിച്ചിട്ടുണ്ടെങ്കിൽ റീഫണ്ടും ആവശ്യപ്പെടാം. പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുന്നതിനുമുള്ള ആപ്പിളിൻ്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ റിപ്പയർ പ്രോഗ്രാം.
ചില ഐഫോൺ 14 പ്ലസ് ഉപകരണങ്ങളെ ബാധിച്ച ഈ തകരാർ പരിഹരിക്കാൻ ആപ്പിൾ ഒരു സപ്പോർട്ടിങ്ങ് പേജ് സജ്ജീകരിച്ചിട്ടുണ്ട്. കമ്പനിയുടെ അഭിപ്രായത്തിൽ, ഈ മോഡൽ ഫോണുകളിലെ വളരെ ചെറിയ ശതമാനത്തിൽ മാത്രമേ റിയർ ക്യാമറ പ്രിവ്യൂ കാണിക്കാത്ത പ്രശ്‌നം വരുന്നുള്ളൂ. 2023 ഏപ്രിൽ 10നും 2024 ഏപ്രിൽ 28നും ഇടയിൽ നിർമ്മിച്ച ഐഫോൺ 14 പ്ലസ് യൂണിറ്റുകളെയാണ് പ്രശ്നം പ്രധാനമായും ബാധിക്കുന്നത്.
നിങ്ങളുടെ ഐഫോൺ 14 പ്ലസിനെ ബാധിച്ചിട്ടുണ്ടോയെന്നും സൗജന്യമായ അറ്റകുറ്റപ്പണികൾക്ക് യോഗ്യമാണോ എന്നും പരിശോധിക്കാൻ, ആപ്പിളിൻ്റെ സപ്പോർട്ടിങ്ങ് പേജിൽ നിങ്ങളുടെ ഫോണിൻ്റെ സീരിയൽ നമ്പർ നൽകാം. നിങ്ങളുടെ ഉപകരണത്തെ തകരാർ ബാധിച്ചിട്ടുണ്ടെങ്കിൽ, അത് സൗജന്യ സേവനത്തിന് യോഗ്യമാണ്. വാങ്ങിയ തീയതി മുതൽ മൂന്ന് വർഷം വരെയുള്ള എല്ലാ ഫോണുകളെയും ഈ സർവീസ് പ്രോഗ്രാമിനു കീഴിൽ ഉൾപ്പെടുത്തി ആപ്പിൾ പരിരക്ഷ നൽകും.
ഐഫോൺ 14 പ്ലസ് സീരിയൽ നമ്പർ കണ്ടെത്താൻ, സെറ്റിങ്ങ്സ് ആപ്പ് തുറക്കുക, തുടർന്ന് ജനറൽ > എബൗട്ട് എന്നിവ ടാപ്പ് ചെയ്യുക. അപ്പോൾ നിങ്ങൾക്കൊരു സീരിയൽ നമ്പർ കാണാനാവും. ഈ സീരിയൽ നമ്പർ അമർത്തിപ്പിടിച്ചാൽ കോപ്പി ചെയ്യാനുള്ള ഷോർട്ട്കട്ട് കാണിക്കും. അതു കോപ്പി ചെയ്ത് ഐഫോൺ 14 പ്ലസിൻ്റെ സർവീസ് പ്രോഗ്രാമിനു വേണ്ടിയുള്ള ആപ്പിളിൻ്റെ സപ്പോർട്ടിങ്ങ് പേജ് പോലെ നിങ്ങൾക്ക് ആവശ്യമുള്ളിടത്ത് ഇത് പേസ്റ്റ് ചെയ്യാൻ കഴിയും.
ആപ്പിളിൻ്റെ സപ്പോർട്ട് പേജ് നൽകുന്ന വിവരങ്ങളനുസരിച്ച്, റിയർ ക്യാമറ പ്രശ്‌നങ്ങളുള്ള ചില ഐഫോൺ 14 പ്ലസ് ഫോണുകൾക്ക് ക്രാക്ക്ഡ് റിയർ ഗ്ലാസ് പാനൽ പോലെയുള്ള മറ്റ് കേടുപാടുകൾ ഉണ്ടായേക്കാം. അത്തരം പ്രശ്‌നങ്ങളുണ്ടെങ്കിൽ, ക്യാമറ നന്നാക്കുന്നതിന് മുമ്പ് അവ പരിഹരിക്കേണ്ടതുണ്ടെന്ന് ആപ്പിൾ പറയുന്നു. സൗജന്യ ക്യാമറ റിപ്പയർ പ്രോഗ്രാമിൽ നിന്ന് വ്യത്യസ്തമായി, ഈ അറ്റകുറ്റപ്പണികൾക്ക് നിരക്ക് ഈടാക്കുമെന്നും അവർ വ്യക്തമാക്കുന്നു.
ഐഫോൺ 14 പ്ലസ് റിയർ ക്യാമറ പണം നൽകി ശരിയാക്കിയ ഉപഭോക്താക്കൾക്ക് റീഫണ്ട് അഭ്യർത്ഥിക്കാൻ ആപ്പിളുമായി ബന്ധപ്പെടാം. 2023 ഡിസംബറിൽ വാങ്ങിയ ഐഫോൺ 14 പ്ലസ് തകരാറുകൾ വന്നിട്ടുള്ള സീരിയൽ നമ്പർ ശ്രേണിയുടെ ഭാഗമല്ലെന്ന് Gadgets 360 സ്ഥിരീകരിക്കുന്നു.
പരസ്യം
പരസ്യം