Photo Credit: Apple
ഡെവലപ്പർ ബീറ്റ ലഭ്യമായിത്തുടങ്ങി ഏകദേശം രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ ഐഫോണുകൾക്കുള്ള ഐഒഎസ് 18.2 പബ്ലിക് ബീറ്റ 1 അപ്‌ഡേറ്റ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ആപ്പിൾ പുറത്തിറക്കി. ആപ്പിളിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസായ ആപ്പിൾ ഇൻ്റലിജൻസിൻ്റെ പുതിയ ഫീച്ചറുകൾ നൽകുന്നതാണ് പുതിയ അപ്ഡേറ്റ്. ഈ അപ്ഡേറ്റ് നൽകുന്ന പ്രധാന ഫീച്ചറുകളിലൊന്നായ "ഇമേജ് പ്ലേഗ്രൗണ്ട്” ഫോട്ടോകളെ മികച്ച രീതിയിൽ എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നു. സ്വന്തമായി ഇമോജികൾ സൃഷ്‌ടിക്കാൻ അനുവദിക്കുന്ന "ജെൻമോജി" എന്ന ഫീച്ചറും ഇതിലുണ്ട്. ആപ്പിളിൻ്റെ വോയ്‌സ് അസിസ്റ്റൻ്റായ സിരിക്ക് ചാറ്റ്‌ജിപിടി ഇൻ്റഗ്രേഷനോട് കൂടിയ ഒരു അപ്‌ഗ്രേഡും ഈ അപ്ഡേറ്റിലൂടെ ലഭിക്കുന്നു. ഈ സവിശേഷതകൾക്ക് പുറമേ, ഇത്തവണത്തെ അപ്‌ഡേറ്റിൽ അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 16 സീരീസ് ഫോണുകൾക്കു മാത്രമുള്ള പുതിയ ക്യാമറ കൺട്രോൾ ഫീച്ചറുകളും ഉൾപ്പെടുന്നു.
2024 ജൂണിൽ നടന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ (WWDC) ആപ്പിൾ നിരവധി AI ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നെങ്കിലും ചിലത് മാത്രമാണ് ശരിക്കും ലോഞ്ച് ചെയ്തത്. ഇമേജ് പ്ലേഗ്രൗണ്ട്, സിരിക്ക് വേണ്ടിയുള്ള ചാറ്റ്ജിപിടി ഇൻ്റഗ്രേഷൻ എന്നിവയായിരുന്നു ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്ട് ഫീച്ചറുകൾ. എന്നിരുന്നാലും, അവ രണ്ടും ആപ്പിളിൻ്റെ പബ്ലിക് ബീറ്റാ അപ്‌ഡേറ്റുകളിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു.
ഐഒഎസ് 18.2 പബ്ലിക് ബീറ്റ 1 അപ്ഡേറ്റ് പുറത്തിറക്കിയതിൽ ആപ്പിൾ ഇമേജ് പ്ലേഗ്രൗണ്ട് ചേർത്തിട്ടുണ്ട്. ഉപയോക്താക്കൾ ടൈപ്പ് ചെയ്യുന്ന വിവരണങ്ങളെ അടിസ്ഥാനമാക്കി AI- ജനറേറ്റഡ് ഇമേജുകൾ സൃഷ്‌ടിക്കാൻ അനുവദിക്കുന്ന പ്രത്യേക ആപ്പാണിത്. ഈ വിവരണങ്ങളെ ദൃശ്യങ്ങളാക്കി മാറ്റാൻ ആപ്പ് ജനറേറ്റീവ് AI ഉപയോഗിക്കുന്നു. ഉപയോക്താക്കൾക്ക് റഫറൻസ് നൽകാൻ ക്യാമറ ഫോട്ടോസിൽ നിന്നുള്ള ചിത്രങ്ങൾ നൽകാം, വിവിധ ആർട്ട് സ്റ്റൈലിൽ നിന്നുള്ളവ തിരഞ്ഞെടുക്കാനും കഴിയും. കൂടാതെ, ആപ്പിൽ ജെൻമോജി ഫീച്ചർ ഉൾപ്പെടുന്നു. അത് ഇമേജ് പ്ലേഗ്രൗണ്ട് പോലെ പ്രവർത്തിക്കുന്നതാണെങ്കിലും സ്വന്തമായി ഇമോജികൾ നിർമ്മിക്കാൻ നമ്മളെ സഹായിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇമേജ് പ്ലേഗ്രൗണ്ടിലും ജെൻമോജിയിലും സൃഷ്ടിച്ച ചിത്രങ്ങൾ മെസേജസ്, നോട്ട്സ്, കീനോട്ട് തുടങ്ങിയ ആപ്പുകളിൽ പങ്കിടാമെന്ന് ആപ്പിൾ പറയുന്നു.
ഐഒഎസ് 18.2 പബ്ലിക് ബീറ്റ 1 അപ്ഡേറ്റ് നോട്ട്സ് ആപ്പിലെ ഇമേജ് വാൻഡ് ടൂൾ അടക്കമുള്ള ചില പ്രധാന ഫീച്ചറുകളുമായാണ് വരുന്നത്. ഇമേജ് വാൻഡ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് പരുക്കൻ സ്കെച്ചുകൾ ആപ്പിൾ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ മികച്ച ചിത്രങ്ങളാക്കി മാറ്റാൻ കഴിയും.
സിരിയുമായി ചാറ്റ്ജിപിടിയുടെ സംയോജനമാണ് മറ്റൊരു പ്രധാന അപ്ഡേറ്റ്. ഇതിനർത്ഥം ഐഫോൺ ഉപയോക്താക്കൾക്ക് ഓപ്പൺഎഐയുടെ ഭാഷാ മോഡലുകൾ വഴി ആപ്പിളിൻ്റെ വോയ്‌സ് അസിസ്റ്റൻ്റായ സിരിയിൽ നിന്ന് ഫോട്ടോകളേയും ഡോക്യുമെൻ്റുകളേയും കുറിച്ചുള്ള ചോദ്യങ്ങൾക്കും മറ്റു സംശയങ്ങൾക്കും കൂടുതൽ വിശദമായ ഉത്തരങ്ങൾ നേരിട്ടു ലഭിക്കുമെന്നാണ്. ചാറ്റ്ജിപിടി ആപ്പിൾ ഇൻ്റലിജൻസ് സ്യൂട്ടിൽ ഒരു റൈറ്റിങ്ങ് ടൂളായി ചേരുന്നുമുണ്ട്. ഇത് നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി ടെക്‌സ്‌റ്റ് എഡിറ്റു ചെയ്യാനും ഉപയോക്താവ് മുമ്പ് എഴുതിയത് വിശകലനം ചെയ്ത് പുതിയ ഉള്ളടക്കം എഴുതാനും സഹായിക്കും.
ഐഫോണിൽ സിരി ഉപയോഗിച്ച് ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിന് ഒരു ഓപ്‌ഷണൽ സൈൻ-ഇൻ ആവശ്യമാണെന്ന് ആപ്പിൾ പറയുന്നു. പണമടച്ചുള്ള ചാറ്റ്ജിപിടി അക്കൗണ്ട് ഉള്ള ഐഫോൺ ഉപയോക്താക്കൾക്ക് പരിധികളില്ലാതെ, കൂടുതൽ വിപുലമായ OpenAI മോഡലുകളിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് ഇതു ലിങ്ക് ചെയ്യാൻ കഴിയും.
ഐഫോൺ 16 ഉപയോക്താക്കൾക്ക് ആപ്പിളിൻ്റെ വിഷ്വൽ ഇൻ്റലിജൻസ് മെച്ചപ്പെടുത്തിയ ക്യാമറ കൺട്രോൾ ബട്ടണിൽ ഒരു അധിക ഫീച്ചർ ലഭിക്കും. ഗൂഗിൾ ലെൻസിന് സമാനമായ ഇത് ഉപയോക്താക്കൾ ഒരു ഒബ്‌ജക്‌റ്റിലേക്ക് ക്യാമറ ചൂണ്ടിക്കാട്ടിയാൽ അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഓൺലൈനിൽ തിരയാനും അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് ChatGPT-യോട് ചോദിക്കാനും അനുവദിക്കുന്നു. ക്യാമറയിലൂടെ കാണുന്ന വസ്തുക്കളെ ദൃശ്യപരമായി വിശകലനം ചെയ്യുന്നതിനുള്ള ആപ്പിളിൻ്റെ സ്വന്തം നിർമിതിയാണ് ഈ ഫീച്ചർ.
നിങ്ങളുടെ ഡിവൈസിൽ തന്നെ ഇമെയിലുകൾ സോർട്ട് ചെയ്യാൻ കഴിയുന്ന ഇമെയിൽ ആപ്പിൻ്റെ പുതിയ പതിപ്പും അപ്‌ഡേറ്റ് നൽകുന്നു. കൂടാതെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ് എന്നിങ്ങനെ ആളുകൾ ഇംഗ്ലീഷ് സംസാരിക്കുന്ന കൂടുതൽ സ്ഥലങ്ങളിൽ ആപ്പിൾ ഇൻ്റലിജൻസ് ഇപ്പോൾ ലഭ്യമാണ്.
പരസ്യം
പരസ്യം